പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്കു മുമ്പ് വാഞ്ചു കമ്മിറ്റി നോട്ട് നിരോധനം നിര്‍ദേശിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അത് നടപ്പിലാക്കാതിരിക്കുകയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്‍പതുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും അദ്ദേഹം രാജ്യസഭയ്ക്കുമുന്നില്‍ വായിച്ചു.

പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി; പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളിലും സര്‍ക്കാരിന്റെ നിലപാടുകളിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ഒട്ടുമിക്കവരുടെയും ഇറങ്ങിപ്പോക്ക്  രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയുടെ അവസാനം രാജ്യസഭ നടപടികള്‍ അലങ്കോലപ്പെട്ടു.

പ്രസംഗത്തില്‍ നടത്തുന്ന പരാമര്‍ശത്തോടു പ്രതികരിക്കാന്‍ അനുവദിക്കുകയെന്നത് പാലിച്ചുപോരുന്ന മര്യാദയാണ്; അതു സംഭവിക്കാത്തപ്പോള്‍ മര്യാദകളെക്കുറിച്ച് ഓരോരുത്തര്‍ക്കും തങ്ങളുടെ അനുമാനങ്ങളാവാം. പാലിച്ചുപോരുന്ന മര്യാദ ഇന്നു പാലിക്കപ്പെട്ടില്ല അധ്യക്ഷന്‍ വ്യക്തമാക്കി. തുടര്‍ന്ന്, ഭേദഗതികള്‍ വോട്ടിനിടുന്ന നടപടി തുടങ്ങിവച്ചശേഷം അധ്യക്ഷന്‍ സഭ വിട്ടു.

നോട്ട് അസാധുവാക്കലിനു പിന്നാലെ പണമെടുക്കാന്‍ ക്യൂ നിന്നു മരണമടഞ്ഞവരെ പരാമര്‍ശിക്കണമെന്ന ഭേദഗതി ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും സഭവിട്ടു; ബാങ്കിങ് മേഖലയിലെയും ആദിവാസികളുടെ പ്രശ്‌നങ്ങളും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ ഡി.രാജയും ഇറങ്ങിപ്പോയി. നന്ദിപ്രമേയം വോട്ടിനിട്ടപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്നത് എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മാത്രം. കഴിഞ്ഞ രണ്ടു വര്‍ഷവും പ്രതിപക്ഷത്തിന്റെ ചില ഭേദഗതികള്‍ പാസായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, തന്റെ പാര്‍ട്ടിയെയും നേതാക്കളെയും പരാമര്‍ശിച്ചതിനു മറുപടി പറയാന്‍ യച്ചൂരി അവസരം ചോദിച്ചപ്പോള്‍ അധ്യക്ഷന്‍ വഴങ്ങിയില്ല. അധ്യക്ഷന്‍ വേര്‍തിരിവു കാട്ടുകയാണെന്നും പേരു പരാമര്‍ശിക്കപ്പെടുന്നവര്‍ക്കു പ്രതികരിക്കാന്‍ അവസരമെന്നതു സഭയുടെ കീഴ്‌വഴക്കവും മര്യാദയുമാണെന്നും യച്ചൂരി പറഞ്ഞു. ഉച്ചതിരിഞ്ഞു സഭയില്‍ നടന്ന കാര്യങ്ങള്‍ മൊത്തത്തിലെടുക്കുമ്പോള്‍ തനിക്കു കടുത്ത അതൃപ്തിയുണ്ടെന്നും എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടെന്നും അധ്യക്ഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *