സൗദിയിലെ തൊഴില്‍മേഖലയിലുളള അനേകായിരം വിദേശികളെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് സൗദി ഭരണകൂടം ആലോചിക്കുന്നത്. ഇതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയിരിക്കുന്നതും. വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികളെ സ്വദേശികള്‍ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇത് നിര്‍ത്തലാക്കി സ്വദേശികളെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം സൗദി പൗരന്മാര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയതായി സൗദി തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ നാസിര്‍ അല്‍ ഗാഫിസ് ആണ് വ്യക്തമാക്കിയത്. 2020 ആവുമ്പോഴേക്കും മലയാളികളക്കം നിരവധി വിദേസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നുറപ്പായി. 2020 ഓടെ തൊഴില്‍ മേഖലയില്‍ സൗദി പൗരന്മാരുടെ പൂര്‍ണപങ്കാളിത്തമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിവിധ തൊഴില്‍ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്തമായ പരിശീലന പരിപാടികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വദേശികളെ ആകര്‍ഷിക്കുന്നതിനൊപ്പം വിവിധ തൊഴിലുകള്‍ക്ക് യോഗ്യരാക്കുക കൂടിയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പുതിയ പദ്ധതി വിജയകരമാക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മാനവ വിഭവ ശേഷി വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍ ഷതവി വ്യക്തമാക്കി.
വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുമെന്നും മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു. സ്വകാര്യമേഖലയുമായി ആലോചിച്ച ശേഷമേ സ്വദേശിവത്ക്കരണം സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാറുള്ളൂ.
