തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ല. നിയമലംഘനം നടത്തേണ്ടവരല്ല ഉദ്യോഗസ്ഥരെന്നും ഈശ്വരനെ ആരാധിക്കേണ്ടവര്‍ ആരാധിച്ചോളൂ എന്നും പറഞ്ഞ പിണറായി, സര്‍ക്കാരിന്റെ പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നതാണെന്നും വ്യക്തമാക്കി.
ചീമേനി ജയിലിലെ ഫാമിലേക്കു കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ മറവിലായിരുന്നു ഗോപൂജ നടന്നത്. പശുക്കളെ നല്കിയ കര്‍ണാടക ഹൊസനര മഠാധിപതി രമചന്ദ്രപുരയുടെ നേതൃത്വത്തിലായിരുന്നു പൂജ.
അവരുടെ തന്നിഷ്ട പ്രകാരം പൂജ നടത്തുകയായിരുന്നുവെന്നാണ് ജയില്‍ സൂപ്രണ്ട് നിലപാടെടുത്തിരുന്നത്. മേലധികാരികളുടെ അനുമതി പോലും വാങ്ങാതെ നടത്തിയ പരിപാടി വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു.
