മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പദത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സാധ്യതയേറി. നിലവില്‍ നിയമസഭാ പ്രതിപക്ഷ ഉപ നേതാവായ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതോടെ കുഞ്ഞാലിക്കുട്ടി തന്നെയാകും അന്തരിച്ച ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി ലോക്‌സഭയിലേക്ക് മത്സരിക്കുക.
ദേശീയ രാഷ്ട്രീയത്തിലേക്ക് വരാനുള്ള താത്പര്യം നേരത്തെ തന്നെ മുതിര്‍ന്ന ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചിരുന്നു. ഇതിന് പാര്‍ട്ടിയിലും സര്‍വ്വ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ താന്‍ അവിഭാജ്യ ഘടകമല്ലെന്ന കുഞ്ഞാലിക്കുട്ടുടെ പ്രസ്താവനക്കു പിന്നില്‍ അഹമ്മദിനു പകരക്കാരനായി ദേശീയ തലത്തിലേക്ക് ഉയരാനുള്ള താത്പര്യത്തിന് പാര്‍ട്ടിയുടെ അവസാന വാക്കായ പാണക്കാട്ടെ പിന്തുണയുമുണ്ടെന്ന് സ്പഷ്ടമാണ്.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റത്തിനു തയ്യാറെടുക്കുന്നു എന്ന ഊഹങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് ലീഗ് നേതൃത്വം ഇതിന് കൂടുതല്‍ അടിവരയിടുന്നത്. ചെന്നൈയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ ഈ പദത്തിലുണ്ടായിരുന്ന ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന പുത്തന്‍ സ്ഥാനമുണ്ടാക്കി അതിലേക്ക് മാറ്റി അനുനയിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനാണ് പുതിയ ദേശീയ അധ്യക്ഷന്‍. അദ്ദേഹത്തെ അഹമ്മദിന്റെ നിര്യാണത്തോടെ പാര്‍ട്ടിയുടെ താത്ക്കാലിക ദേശീയ അധ്യക്ഷനായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.
പി.കെ.കുഞ്ഞാലിക്കുട്ടി വഹിച്ചിരുന്ന ദേശീയ ട്രഷറര്‍ സ്ഥാനത്തേക്ക് പി.വി.അബ്ദുള്‍ വഹാബിനെ നിയോഗിച്ചു. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങുന്നതിനിടെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രച്ചറിയാകുമ്പോള്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി വരുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാക്കി പ്രവര്‍ത്തകര്‍ കീഴ്ത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. എം.പി.അബ്ദുസമദ് സമദാനി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ.ഖാദര്‍, കെ.പി.എ.മജീദ് എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പദത്തിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇതിനൊന്നും അണികള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടായിരുന്നില്ല.
നിലവില്‍ സംസ്ഥാന പ്രതിപക്ഷ ഉപ നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വേങ്ങര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. ഇ.അഹമ്മദിന്റെ പ്രവര്‍ത്തന പാത പിന്തുടര്‍ന്ന കുഞ്ഞാലിക്കുട്ടി അദ്ദേഹം കയ്യാളിയ സ്ഥാനങ്ങളെല്ലാം സംസ്ഥാന രാഷ്ട്രീയത്തില്‍ പിന്നീട് നേടിയെടുക്കുകയുമുണ്ടായി. ദേശീയ തലത്തില്‍ ലീഗിന്റെ പ്രതിഛായ നിലനിര്‍ത്താന്‍ അഹമ്മദിനോളം പോന്ന മുതിര്‍ന്ന നേതാവു തന്നെ വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് പാര്‍ട്ടിയെ കേന്ദ്രത്തില്‍ നയിക്കാന്‍ പുതിയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി എത്തുന്നതും.
