കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കാബൂളിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു സ്‌ഫോടനം. പോലീസ് ആസ്ഥാനത്തിനു സമീപമായിരുന്നു ആദ്യത്തെ പൊട്ടിത്തെറി. ഇവിടെ താലിബാന്‍ നിയോഗിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ അഫ്ഗാന്‍ മിലിറ്ററി ഇന്റലിജന്‍സ് ആസ്ഥാനത്തിനുമുന്നിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. 44 പേര്‍ക്കു പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ ഇതില്‍ അധികമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം കാബൂളില്‍ സുപ്രീം കോടതിക്കു പുറത്തുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
