ഉത്തര്‍പ്രദേശിലെ തിരിച്ചടി റീത്താ ബഹുഗുണയെ പിണക്കിയത്

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖവുമായിരുന്ന റീത്ത ബഹുഗുണ ജോഷിയെ പിണക്കിയതാണെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന റീത്ത, രാഹുലിന്റെ വരവോടെയാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടത്.

താന്‍ തഴയപ്പെട്ടു എന്നു ബോധ്യപ്പെട്ടതോടെ റീത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. ഇതിനു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. തെരഞ്ഞെടുപ്പുകളില്‍ ജാതിസമവാക്യങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന യുപിയില്‍ റീത്തയെ കളത്തിലിറക്കി ബിജെപി നേട്ടം കൊയ്യുകയും ചെയ്തു. ലക്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ എസ്പി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവിനെയാണ് റീത്ത മുട്ടുകുത്തിച്ചത്.

പുത്തന്‍ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ യുപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു വൈമുഖ്യമുണ്ടെന്ന് ബിജെപിയില്‍ ചേര്‍ന്ന ശേഷം റീത്ത തുറന്നടിച്ചിരുന്നു. സോണിയ മുതിര്‍ന്ന നേതാക്കള്‍ക്കു പറയാനുള്ളതു ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് അതില്‍ താല്‍പര്യമില്ലെന്നും റീത്ത പറഞ്ഞിരുന്നു.

തലമുറകളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന കുടുംബത്തില്‍നിന്നാണ് റീത്തയുടെ വരവ്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എച്ച്.എന്‍. ബഹുഗുണയുടെ മകളാണ് റീത്ത. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ സഹോദരനാണ്. എക്കാലവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തയായാണ് റീത്ത അറിയപ്പെട്ടിരുന്നതും മുമ്പ് സ്വതന്ത്രയായും സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലും അവര്‍ മത്സരിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന റീത്ത 2007 മുതല്‍ 2012 വരെ യുപിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതും പരാജയത്തില്‍ രാഹുലിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയതും റീത്തയായിരുന്നു.

എന്നാല്‍ ഉത്തരാഖണ്ഡില്‍ സഹോദരനായ വിജയ് ബഹുഗുണ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയതോടെയാണ് പാര്‍ട്ടി റീത്തയെ സംശയദൃഷ്ടിയോടെ കാണാന്‍ തുടങ്ങിയത്. ഷീലാ ദീക്ഷിത്തിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ റീത്ത പൂര്‍ണമായും തഴയപ്പെട്ടു. സോണിയയുമായി അടുപ്പത്തിലാണെങ്കിലും രാഹുലിന് റീത്തയുടെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2016ല്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ കിസാന്‍ യാത്ര സംഘടിപ്പിച്ചപ്പോള്‍ റീത്തയെ ഒഴിവാക്കിയിരുന്നു. ഇത് റീത്തയ്ക്ക് കോണ്‍ഗ്രസിനോട് അകല്‍ച്ചയുണ്ടാകാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *