തെറ്റായ നയങ്ങളാണ് മായാവതിയ്ക്ക് വിനയായത്

ദില്ലി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ബിഎസ്പിയ്ക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത് വോട്ടിംഗ് മെഷീനുകളല്ലെന്നും തെറ്റായ നയങ്ങളാണെന്നുമാണ് ജെയ്റ്റ്‌ലി ഉന്നയിക്കുന്ന വാദം. മായാവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കൊയ്തതിന് പിന്നാലെയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന ആരോപണവുമായി മായാവതി ശനിയാഴ്ച രംഗത്തെത്തിയത്. ഉത്തര്‍ പ്രദേശില്‍ 325 സീറ്റുകള്‍ ബിജെപി നേടിയപ്പോല്‍ സമാജ് വാദി കോണ്‍ഗ്രസ് സഖ്യത്തിന് 54 സീറ്റുകള്‍ നേടി. എന്നാല്‍ ബിഎസ്പിയ്ക്ക് 19 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി വോട്ട് നേടിയതാണ് മായാവതിയുടെ പ്രതികരണത്തിനാധാരം.

20 ശതമാനം മുസ്ലിം വോട്ടുള്ള യുപിയില്‍ മുസ്ലിങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ഒരു സീറ്റ് പോലും നല്‍കിയില്ലെങ്കിലും ബിജെപിയ്ക്ക് അനുകൂലമായി ജനം വിധിയെഴുതുകയായിരുന്നു. ഇതേ ആരോപണവുമായി മായാവതി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും കമ്മീഷന്‍ പരാതി തള്ളിക്കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *