ഒന്നര മാസത്തിനിടെ 142 കിലോ കുറച്ചു

മുംബൈ • ഭാരം കുറയ്ക്കല്‍ ശത്രക്രിയയ്ക്കായി മുംബൈയില്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയവരില്‍ ഒരാളായ ഈജിപ്ത് സ്വദേശിനി ഇമാന്‍ അഹമ്മദിന്റെ (36) ഭാരം 142 കിലോ കുറഞ്ഞെന്ന് ആശുപത്രി അധികൃതര്‍. ഇന്ത്യയില്‍ എത്തിക്കുമ്‌ബോള്‍ 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 358 കിലോ ഭാരമാണുള്ളത്. ഈവര്‍ഷം ഫെബ്രുവരി 11ന് പ്രത്യേകവിമാനത്തിലാണ് ഇമാന്‍ മുംബൈയില്‍ എത്തിയത്.

വിമാനത്തില്‍നിന്ന് ക്രെയിനിലാണ് പ്രത്യേകം കിടക്കകളോടെ തയാറാക്കിയ ട്രക്കിലേക്കു മാറ്റിയത്. തുടര്‍ന്നു പൊലീസിന്റെയും ആംബുലന്‍സിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും അകമ്ബടിയോടെ ദക്ഷിണ മുംബൈയിലെ സൈഫി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ഒന്നാംനിലയിലുള്ള മുറിയിലേക്കും ക്രെയിനിലാണ് യുവതിയെ എടുത്തുകിടത്തിയത്. ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോള്‍ നല്‍കിവരുന്നത്. 1800 കലോറിയാണ് ദിനംപ്രതി അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

25 വര്‍ഷമായി കിടപ്പിലായ യുവതിക്ക് സാധാരണ ജീവിതമെന്ന സ്വപ്‌നംപോലും അസ്തമിച്ചതോടെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആശുപത്രി അധികൃതര്‍ പ്രതീക്ഷയേകിയത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന് പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയവയുമുണ്ട്. ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് ശസ്ത്രക്രിയയും ചികില്‍സയുമെന്നും ശസ്ത്രക്രിയയ്ക്കുശേഷം ആറു മാസത്തോളം ഇമാന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഡോ. ലക്ഡാവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *