മലപ്പുറം: ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എം ബി ഫൈസലിനെയും പ്രഖ്യാപിച്ചതോടെ മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ട ചിത്രമായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗ ശേഷം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ പ്രഖ്യാപിച്ച് യു ഡി എഫ് ആദ്യവട്ട പ്രചരണം തുടങ്ങിക്കഴിഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശ്രീപ്രകാശാണ് ബി ജെ പി സ്ഥാനാര്‍ഥി.
നാമനിര്‍ദേശപത്രിക നല്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ പി കെ കുഞ്ഞാലിക്കുട്ടിയും തിങ്കളാഴ്ചയും ശ്രീപ്രകാശ് 22നും പത്രിക നല്കും.
22നോ23നോ ആവും ഫൈസല്‍ പത്രിക സമര്‍പ്പിക്കുക.മുസ്‌ലിം ലീഗ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25ഓടെ പൂര്‍ത്തിയാക്കും. യു ഡി എഫ് സംവിധാനത്തില്‍ കണ്‍വെന്‍ഷനുള്ള അവസാനവട്ട തിരക്കിലാണ് മുന്നണി. ഒറ്റപ്പെട്ട മേഖലകളില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യു ഡി എഫ് നേതൃത്വമിടപെട്ട് പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ സി പി എം-ആര്‍ എസ് എസ് സംഘട്ടനങ്ങളും, സംസ്ഥാനത്തെ പൊലീസ് വീഴ്ചകളും പീഡനങ്ങളും, മോദി സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകളും ആയുധമാക്കി പ്രചരണം ശക്തമാക്കാനാണ് യു ഡി എഫ് ശ്രമം. ഇടതു സര്‍ക്കാറിന്റെ ഭരണ നേട്ടം തെരഞ്ഞെടുപ്പില്‍ വിലയിരുത്തലാവുമെന്ന പ്രഖ്യാപനം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ നേട്ടങ്ങളും, ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ വര്‍ഗീയത സംബന്ധിച്ചുള്ള പ്രചരണവും തന്നെയാവും എല്‍ ഡി എഫിനും. മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും കള്ളപ്പണം പിടിക്കാന്‍ കൊണ്ടുവന്ന നോട്ടുനിരോധനവും സി പി എമ്മിന്റെ അക്രമ രാഷ്ട്രീയവും പ്രചരണ ആയുധമാക്കാന്‍ ബി ജെ പിയും തയ്യാറെടുക്കുന്നു.
രാജ്യത്ത് കോണ്‍ഗ്രസ് സ്വാധീനം കുറയുന്നത് മോദിയുടെ ജനപിന്തുണയെ തുടര്‍ന്നാണെന്ന പ്രചരണവും പാര്‍ട്ടി ഉയര്‍ത്തും. ഇക്കുറി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം എല്ലാ പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കിയുള്ള പ്രചരണത്തിന് ഐ ടി വിദഗ്ധര്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നു. ഇന്നലെ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ടൗണുകളില്‍ വിവിധ പാര്‍ട്ടികളുടെ ബൈക്ക് റാലിയും അഭിവാദ്യമര്‍പ്പിച്ചുള്ള പ്രകടനവും നടന്നു. പോഷക, അനുകൂല സംഘടനകളെ സജീവമാക്കാന്‍ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വം തയ്യാറായിക്കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പായതിനാല്‍ പരമാവധി ദേശീയ-സംസ്ഥാന നേതാക്കളെ മണ്ഡലത്തിലെത്തിക്കാന്‍ പ്രധാന കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
മുസ്‌ലിം സംഘടനകളുടെ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. വിവിധ സംഘടനകളുടെ പിന്തുണ തേടുന്നതിനുള്ള തന്ത്രങ്ങള്‍ എല്‍ ഡി എഫ്- യു ഡി എഫ് തുടങ്ങിക്കഴിഞ്ഞു ഇ അഹമ്മദ് അന്തരിച്ച ഒഴിവിലാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഹമ്മദ് സി പി എമ്മിലെ പി കെ സൈനബയെ പരാജയപ്പെടുത്തിയത്. ഇ അഹമ്മദിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുകയാണ് കുഞ്ഞാലിക്കുട്ടിയുടെ വെല്ലുവിളി. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം പരമാവധി കുറയ്ക്കാനുള്ള ശക്തമായ മത്സരത്തിനാണ് യുവനേതാവിനെ രംഗത്തിറക്കി സി പി എം പോരാട്ടം ശക്തമാക്കുന്നത്.
