തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മുഴുവന്‍ ചുമതല

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഭരണച്ചുമതലയിലില്ലാത്ത എല്‍.ഡി.എഫിന്റെ മുഴുവന്‍ എം.എല്‍.എമാരും ഉത്തരവാദിത്വങ്ങളേറ്റെടുത്ത് രംഗത്തുണ്ടാകണമെന്ന് ഇടതുമുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് മണ്ഡലത്തില്‍ പെട്ട ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലുമായി 61 എല്‍.ഡി.എഫ് ലോക്കല്‍കമ്മിറ്റികളുണ്ടാക്കും. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതലയുണ്ടാകും. ഏപ്രില്‍ ഒന്ന് മുതല്‍ 9 വരെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട രാഷ്ട്രീയപോരാട്ടമായി ഏറ്റെടുക്കാനാണ് തീരുമാനം. ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിയുടെ ഒന്നാം നമ്പര്‍ ശത്രു ഇടതുപക്ഷമാണെന്ന പ്രചരണം പ്രധാനമായും ഉയര്‍ത്തിക്കാട്ടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതും ഉയര്‍ത്തിക്കാട്ടും.

സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം, ഫീസ് ഘടന എന്നിവ നിയന്ത്രിക്കാനുതകുന്ന സമഗ്രമായ നിയമനിര്‍മ്മാണത്തിന് സര്‍വകക്ഷി യോഗ തീരുമാനങ്ങളടക്കം ഉള്‍ക്കൊണ്ടുകൊണ്ട് ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കണം. മറ്റക്കര ടോംസ് കോളേജിലെ കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ലഭ്യമാക്കാന്‍ എ.ഐ.സി.ടി.യുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കണം. മൂന്നാര്‍ ട്രിബ്യൂണലിന് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ച ട്രിബ്യൂണലിനെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ ഇടപെടലുണ്ടാകണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ആലോചിച്ച് സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *