കാഞ്ഞിരപ്പള്ളി: അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടര്‍ന്നു പൊലീസ് ഒഴിപ്പിച്ചു. കുടുംബസ്വത്തു സംബന്ധിച്ച തര്‍ക്കത്തില്‍ ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാണു പൂതക്കുഴി തൈപ്പറമ്ബില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ (14) എന്നിവരെ പൊലീസ് വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണു ബബിതയുടെ ഭര്‍ത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയില്‍ ഹാജരാക്കി.
താമസിക്കാന്‍ വേറെ വീടോ സ്ഥലമോ ഇല്ലെന്നു ബബിത പറയുന്നു. വീടൊഴിയാന്‍ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു.
പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാള്‍ക്കുമാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്‍പതാം ക്ലാസുകാരിക്ക് ഇരുന്നുപഠിക്കാന്‍ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയില്‍ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുന്‍പ് ഉത്തരവു നടപ്പാക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
വീടും ഒരുസെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടര്‍ന്നാണു കേസുവന്നത്. ബബിതയ്ക്കു 3,90,000 രൂപ നല്‍കാന്‍ ഏറ്റുമാനൂര്‍ കുടുംബക്കോടതി 2010ല്‍ വിധിച്ചിരുന്നു. ഇതിനെതിരെ ഭര്‍തൃവീട്ടുകാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്നും ബബിത പറയുന്നു.
