തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവായികിട്ടത്തക്ക വിധത്തിലുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 2016,17 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പലമേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല വായ്പകള്‍ പലിശരഹിതമാക്കുവാന്‍ നബാര്‍ഡ്, സഹകരണസംഘങ്ങള്‍, കേന്ദ്ര, സംസ്ഥാന സബ്‌സിഡി എന്നിവയുടെ നിരക്കുകള്‍ ക്രമീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കൃഷി, ധനം, സഹകരണ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നബാര്‍ഡിന്റെയും, മറ്റ് ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് അനുസൃതമായി ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ല. വിളനാശം ഉണ്ടാകുമ്പോള്‍ നാമമാത്ര സഹായമാണ് ലഭിക്കുന്നത്. വിള ഇന്‍ഷുറന്‍സ് ഇനിയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയും കര്‍ഷകരുടെ ആത്മവിശ്വാസവും തകരരുത് എന്ന കാഴ്ചപ്പാടില്‍ ഊന്നിയുള്ള നയസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റബ്ബര്‍ വിലയിടിവ് ചെറുക്കാന്‍ ഒരു കിലോഗ്രാമിന് 53 രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പദ്ധതി വേറെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ 201617 ഉം, സ്റ്റേറ്റ് ക്രെഡിറ്റ് പ്ലാനും മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. മുന്‍ഗണനാ വിഭാഗത്തില്‍ 11 ശതമാനം വര്‍ദ്ധന ലക്ഷ്യമിടുന്ന 2016,17 വര്‍ഷത്തെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേശ് തെങ്കില്‍ അവതരിപ്പിച്ചു. 2016,17 ല്‍ 119391.95 കോടി രൂപയുടെ വായ്പ സാധ്യത പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്. കൃഷി അനുബന്ധ വിഭാഗത്തില്‍ 5503 കോടി രൂപയുടെ ക്രെഡിറ്റ് സാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍, റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, എസ്.ബി.റ്റി. എം.ഡി. ജീവന്‍ദാസ് നാരായണ്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ പി.ബാലചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
