വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കും: മന്ത്രി അടൂര്‍ പ്രകാശ്

കൊച്ചി: ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. സമ്പന്നര്‍ക്ക് ഒരു നിയമവും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നിയമവുമെന്ന സ്ഥിതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി. തേവര മെയ്ദിന നഗറില്‍ 60 കുടുംബങ്ങള്‍ക്കും കടവന്ത്രി ചിലവന്നൂരില്‍ 48 കുടുംബങ്ങള്‍ക്കും പട്ടയം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അനധികൃത ഭൂമി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫീസറായി എറണാകുളം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും.

വന്‍കിടക്കാരുടെ അനധികൃത ഭൂമി ഒഴിപ്പിച്ചെടുക്കുന്നതിനൊപ്പം കാലങ്ങളായി തുണ്ടുഭൂമികളില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് പട്ടയം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.  സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്നതിനുള്ള ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും ഘട്ടം ഘട്ടമായി പുരോഗമിക്കുന്നു. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും അടൂര്‍ പ്രകാശ് പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടു വരുമ്പോള്‍ നിയമം പറഞ്ഞ് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

വന്‍കിട ഫഌറ്റുകള്‍ക്ക് മറ്റും ബാധകമല്ലാതിരുന്ന നിയമം പാവപ്പെട്ടവരുടെ കാര്യത്തില്‍ നടപ്പാക്കാനുള്ള കടുംപിടുത്തത്തിന് റവന്യൂ വകുപ്പ് വഴങ്ങില്ല. പട്ടയ വിതരണത്തില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കും. സര്‍ക്കാരിന്റെ കാലാവധിക്കു മുമ്പ് രണ്ടു ലക്ഷം പട്ടയങ്ങളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തേവരയിലെ ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എയും ചിലവന്നൂരില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എയും അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *