തിരുവനന്തപുരം: നെഹ്റു ഗ്രൂപ് ചെയര്മാന് പി. കൃഷ്ണദാസിനെ ചോദ്യം ചെയ്ത വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിനെ സ്നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നുമുതല്‍ ആരംഭിക്കുന്ന നിരാഹാരത്തിനായി എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം.
ജിഷ്ണു പ്രണോയ് മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം വിട്ടത്. ഡി.ജി.പി ഓഫീസിന് മുന്നില്‍ ആരംഭിക്കാനിരുന്ന സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അറസ്റ്റിനു പിന്നില്‍ നടന്നതെന്നും മഹിജ ഇന്നലെ പറഞ്ഞിരുന്നു.
കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് സമരം തുടങ്ങും. ഡി.ജി.പി ഓഫീസിന് മുന്നിലെ സമരം തുടങ്ങാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കളും അമ്മാവന് ഉള്‍പ്പെടെയുള്ള ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
