തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി ഞങ്ങള്‍ തര്‍ക്കത്തിലല്ല. ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്.
സ്വതന്ത്ര രാഷ്ട്രീയകക്ഷി എന്ന നിലയില്‍ സ്വാഭാവികമായും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായങ്ങളുണ്ടാകും. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത്തരമൊരു ഏറ്റുമുട്ടല്‍ അവിടെ ആവശ്യമില്ലായിരുന്നു. ആ നിലപാടാണ് പാര്‍ട്ടി പറഞ്ഞത്. മുന്നണി തെറ്റുകളിലേക്ക് പോകാതിരിക്കാനുള്ള തിരുത്തല്‍ ഇടപെടലുകളാണ് പാര്‍ട്ടി നടത്തുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള പാര്‍ട്ടിതല ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സി.പി.എം സി.പി.ഐ നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെ വച്ച് തന്നെ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്ത് പരിഹരിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 17 രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ ഒത്തുചേര്‍ന്നത് നല്ല തുടക്കമാണ്. ബി.ജെ.പി ആര്‍.എസ്.എസ് ശക്തികള്‍ ഉയര്‍ത്തുന്ന വര്‍ഗീയ പിന്തിരിപ്പന്‍ സമീപനങ്ങള്‍ക്കെതിരെ ഇത്തരമൊരു വിശാല ഐക്യനിര ആവശ്യമാണെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേന്ത്യാതലത്തില്‍ ഈ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
സമീപകാലത്തെ യു.പി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ഇത്തരമൊരു ഐക്യനിരയുടെ അനിവാര്യതയിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇതൊരു തിരഞ്ഞെടുപ്പ്‌സഖ്യം എന്ന നിലയിലേക്ക് ഇപ്പോഴേ കാണുന്നത് ശരിയല്ല. കോണ്‍ഗ്രസിനെതിരെ പോരാടുന്ന കക്ഷിയാണ് സി.പി.ഐ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ഇടതുപക്ഷവും കോണ്‍ഗ്രസും വിരുദ്ധചേരികളിലാണ്. എന്നാല്‍ അഖിലേന്ത്യാതലത്തിലുള്ള പുതിയ കൂട്ടായ്മയ്ക്ക് അതൊരു തടസ്സമാകില്ലെന്ന് ഒന്നാം യു.പി.എ ഭരണകാലത്ത് തെളിഞ്ഞതാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികളുമായി അഭിപ്രായസമവായത്തിലെത്താന്‍ ചര്‍ച്ച നടത്തുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അതിന് കാത്തിരിക്കുകയാണ്. മോദിയുടെ നിലപാട് എന്തെന്നറിയാന്‍ ആഗ്രഹമുണ്ട്. മോദിയുടെ സ്വഭാവസവിശേഷത വച്ച് അദ്ഭുതമൊന്നും സംഭവിക്കാനിടയില്ല.
മൂന്ന് വര്‍ഷത്തെ നരേന്ദ്രമോദിസര്‍ക്കാരിന്റെ ഭരണം ദയനീയമായ പരാജയമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ജുഡീഷ്യറി പോലും അവമതിപ്പ് നേരിടുന്നു. ഫെഡറല്‍സംവിധാനത്തെ തന്നെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. തൊഴിലില്ലായ്മ രൂക്ഷമായി. മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പറയുന്ന സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് 1.40 ലക്ഷം തൊഴില്‍ മാത്രമാണ് നല്‍കിയത്.
