കള്ളപ്പണം: നവാസ് ഷെറീഫില്‍ നിന്ന് മൊഴിയെടുക്കുന്നു

ഇസ്ലാമാബാദ്: കള്ളപ്പണക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫില്‍ നിന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുക്കുന്നു.സംയുക്ത സംഘത്തിനു മുമ്പാകെ ഷെരീഫ് രാവിലെ ഹാജരായി.ഷെറീഫിന്റെ കുടുംബത്തിന് വിവിധരാജ്യങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്ന പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യല്‍ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസില്‍ എത്തിയത്.

ഷെരീഫിനും മക്കളായ ഹുസൈന്‍ നവാസ്, ഹസ്സന്‍ എന്നിവര്‍ക്കുമുള്ള ചോദ്യാവലി അന്വേഷണ സംഘം കഴിഞ്ഞമാസം തന്നെ തയ്യാറാക്കിയിരുന്നുവെന്നാണ് പാക് ടെലിവിഷന്‍ ചാനലായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രധാനമന്ത്രിയെ സാക്ഷിയായാണ് വിളിച്ചിരിക്കുന്നതെന്നും ചോദ്യം ചെയ്യനല്ലെന്നും സൂചിപ്പിക്കുന്ന ചാനല്‍ പക്ഷേ ഷെരീഫും മക്കളും എങ്ങനെയാണ് വിദേശത്ത് ഇത്രയധികം ബിസിനസ് സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയതെന്ന് സംഘം ചോദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനാമ പേപ്പര്‍ പുറത്തുവന്നതിനു ശേഷം ഷെരീഫ് ദേശീയ അസംബ്ലിയിലും സുപ്രീം കോടതിയിലും നല്‍കിയ പ്രസ്താവനയിലുള്ള വൈരുദ്ധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷെരീഫിന്റെ ബന്ധു തരീഖ് ഷാഫിയുടെയും മറ്റു സാക്ഷികളുടെയും മൊഴികളും ഇവര്‍ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *