പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.

സംസ്ഥാനത്ത് ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച് 474 പേര്‍ മരിച്ചതായി മന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. നാല് പേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഒരാള്‍ കോളറ ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു.

തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക ചികിത്സ തേടിയ ആശുപത്രികള്‍ക്കു വീഴ്ച സംഭവിച്ചു. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഷൈലജ വ്യക്തമാക്കി.

പകര്‍ച്ചപ്പനി അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *