ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതാണ് ഉചിതമെന്ന് പറഞ്ഞ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് അല്‍ഫോന്‍സ് ചെയ്തത്. സ്വകാര്യത മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇഷ്ടഭക്ഷണം കഴിക്കുന്നതും സ്വകാര്യതയാണെന്ന വാദം രാജ്യമെമ്ബാടും ഉയര്‍ന്നിട്ടുണ്ട്. ബീഫ് പ്രിയര്‍ക്ക് ഇഷ്ടഭക്ഷണം കഴിക്കാനും സ്വകാര്യത അനുവദിക്കുമെന്ന വിഷയം കോടതിയുടെ മുന്നില്‍ എത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാറിന് അംഗീകരിക്കാനാവില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അല്‍ഫോന്‍സ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നത്.ചെന്നിത്തല പറയുന്നു.
അല്‍ഫോണ്‍സ് ടൂറിസം കേന്ദ്രമന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. എന്നാല്‍ കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവന. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാണോ എന്നറിയാനാണ് കേരളം കാതോര്ത്തിരിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
കേരളത്തില്‍ എത്തുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍ അവരുടെ നാട്ടില്‍ ബീഫ് കഴിച്ചാല്‍ മതിയോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന മോദി സര്‍ക്കാരിന്റെ ഭാഗമാണ് അല്‍ഫോന്‍സ്. കണ്ണന്താനത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിനോട് കൂറ് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
