ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെക എംപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ശിവസേന മുഖപത്രമായ സാമ്ന. പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എന്‍സി എന്‍ഡിഎയില്‍ ലയിക്കുന്നതിനുള്ള നീക്കം നടത്തിയിരുന്നതായി വെളിപ്പെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ സഖ്യത്തിന് സാധിച്ചിരുന്നെങ്കില്‍ സുപ്രിയക്ക് കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്ന് പവാര്‍ തന്നോട് പറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് റൗട്ട് സാമ്നയില്‍ എഴുതിയ ലേഖനത്തില്‍ കുറിക്കുന്നു.
പവാറും സുപ്രിയയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍, ബിജെപിയിലേക്ക് വരുന്ന അവസാനത്തെ ആളായിരിക്കും താനെന്നാണ് സുപ്രിയ മോദിയോട് പറഞ്ഞതെന്ന് പവാര്‍ വ്യക്തമാക്കിയതായി ലേഖനത്തില്‍ പറയുന്നു.
എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പാവാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പവാറിന്റെ പ്രഖ്യാപനം എന്തുതന്നെ ആണെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പലരും ബിജെപിയുമായി ബന്ധപ്പെട്ടവരാണെന്ന് സഞ്ജയ് റൗട്ട് ലേഖനത്തില്‍ കുറിച്ചു.
നേരത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ പവാറുമായി വേദി പങ്കിട്ടിരുന്നു. അന്ന് രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന നേതാവാണ് ശരത് പവാറെന്ന് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നു.
