കൊച്ചി: താന്‍ വട്ടനാണെന്ന് കേരളത്തിലെ ജനങ്ങള്‍ പറയുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ സാഹചര്യം മലയാളികള്‍ക്ക് മനസിലാകില്ല. ഇതുകൊണ്ടാണ് മലയാളികള്‍ താന്‍ വട്ടനാണെന്ന് പറയുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്നുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കണ്ണന്താനം പരിഹസിച്ചു. പല്ലുകൊഴിഞ്ഞ സിംഹം എന്ന് അമിത് ഷായെ വിളിച്ചത് അദ്ദേഹം ശരിക്കുള്ള സിംഹത്തിനെ കണ്ടിട്ടില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ അമിത് ഷാ മടങ്ങിയതിനേപ്പറ്റിയും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. ഡല്‍ഹിയില്‍ അടിയന്തിര ചര്‍ച്ചയില്‍ പങ്കെടുക്കണമായിരുന്നു. അതുകൊണ്ട് ജനരക്ഷായാത്ര പിണറായിയിലൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ജനരക്ഷാ യാത്ര കഴിയുമ്ബോള്‍ ബിജെപി കേരളം പിടിച്ചെടുക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കക്കൂസില്ലാത്തവര്‍ക്ക് കക്കൂസ് നിര്‍മിക്കാനാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണങ്ങളും പരിഹാസങ്ങളുമുയര്ന്നപ്പോള് തമാശ പറഞ്ഞതാണെന്നുപറഞ്ഞ് കണ്ണന്താനം മറുകണ്ടം ചാടി. പിന്നീട് കേരളത്തില്‍ തൊഴിലില്ലാത്തവര്‍ക്ക് ട്രോളുണ്ടാക്കലാണ് പണി എന്നുപറഞ്ഞ് അദ്ദേഹം ആക്ഷേപമുയര്‍ത്തി. ഇപ്പോള്‍ മലയാളികള്‍ എങ്ങനെയാണ് തന്നെ മനസിലാക്കുന്നത് എന്ന് ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
