അയോധ്യാകേസ് : 2019 വരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് എന്ത് അധികാരം

സൂറത്ത്: അയോധ്യ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു.അയോധ്യാവിഷയം കോണ്‍ഗ്രസ്സിനെതിരെ ശക്തമായ പ്രചരണായുധമാക്കുകയാണ് ബിജെപി.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാവിഷയത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്.

മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. അത് തെരഞ്ഞെടുപ്പ് വിഷയവുമല്ല. ആദ്യം മനുഷ്യത്വവും പിന്നീട് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുജറാത്തിലെ യുവാക്കളെ സാങ്കേതിക മേഖലയില്‍ ഉന്നതിയിലെത്തിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങും. യുവാക്കളെ സ്വയം പര്യാപതരാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *