ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു

ജയ് പുര്‍: മുസ് ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ വൈറലായി. രാജസ്ഥാനിലെ രാജസമന്ദിലാണ് ഭയാനകമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും രാജസ്ഥാനിലെത്തിയ കരാര്‍ തൊഴിലാളി മുഹമ്മദ് അഫ്രസുല്‍ ആണ് കൊല്ലപ്പെട്ടത്. അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ റഗാറിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
തൊഴില്‍ വാഗ് ദാനം ചെയ്താണ് പ്രതി അഫ്രസുലിനെ സംഭവ സ്ഥലത്തെത്തിച്ചത്. സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതി സുഹൃത്തിനെയും കൊണ്ടുവന്നിരുന്നു. ക്രൂരമായ മര്‍ദനത്തിന് വിധേയനാകുന്ന അഫ്രസുല്‍ ദയക്ക് വേണ്ടി യാചിക്കുന്ന ദൃശ്യങ്ങളും അതിന് ശേഷം ജീവനോടെ കത്തിക്കുന്നതുമായ രംഗങ്ങളും വിഡിയോയിലുണ്ട്.
വിഡിയോയില്‍ കാണുന്ന ഒരു യുവതിയുടെ സാന്നിധ്യം സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാകാമെന്ന സംശയം ജനിപ്പിക്കുന്നുണ്ട്. അക്രമിയുടെ സഹോദരിയുമായി അഫ്രസുലിനുണ്ടായിരുന്ന ബന്ധമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാതി കരിഞ്ഞ മൃതദേഹവും മഴുവും സ്‌കൂട്ടറും സംഭവസ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജ്‌നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *