ന്യൂഡല്‍ഹി: വിവിധസേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച 31 വരെ സുപ്രീംകോടതി നീട്ടി. ജനുവരി 10 ന് കേസില്‍ അന്തിമവാദം തുടങ്ങാനിരിക്കെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ആറ് വരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ വെച്ചിരുന്ന അവസാന തീയതി.
സുപ്രീംകോടതി വിധി വന്നതോടെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സാവകാശം കിട്ടും. ബാങ്ക്അക്കൗണ്ട്, മൊബൈല്‍, പാന്‍കാര്‍ഡ് എന്നിവയെ ആധാറുമായി ബന്ധിപ്പിക്കാനും സമയം കിട്ടും. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് എടുക്കാനാകുമെങ്കിലും മാര്‍ച്ച് 31 ഓടെ ഇതിലേക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ടി വരും.
ഇക്കാര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നിലപാട് എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കേണ്ടതില്ല എന്ന് സുപ്രീംകോടതി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ഈ ഹര്‍ജി പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 31 ആയിരുന്നു സര്‍ക്കാര്‍ വെച്ചിരുന്ന കാലാവധി. ഈ തീരുമാനം മാറ്റിയതായി പിന്നീട് സര്‍ക്കാര്‍ തന്നെ അനുകൂല നിലപാട് എടുക്കുകയായിരുന്നു.
