നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: കുവൈത്തിലേക്ക് നഴ്‌സുമാരെ ലക്ഷങ്ങള്‍ കോഴവാങ്ങി റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതിഉതുപ്പ് വര്‍ഗീസിന്റെ കോട്ടയത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്‌ട്രേറ്റാണ് നടപടി സ്വീകരിച്ചത്.

കുവൈത്തിലേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുവഴി ഇയാള്‍ 300 കോടി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍റ്റന്റ്‌സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണു ഉതുപ്പ് വര്‍ഗീസ്.

കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്ന ഉതുപ്പ് വര്‍ഗീസിന്റെ സ്ഥാപനമായ അല്‍ സറാഫ, ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും 19.50 ലക്ഷം രൂപ ഇടാക്കി തട്ടിപ്പുനടത്തുകയായിരുന്നു. 1291 നഴ്‌സുമാരെ ഇങ്ങനെ കുവൈറ്റിലേക്ക് ജോലിക്കായി കൊണ്ടുപോയി. അല്‍ സറാഫയുമായി സഹകരിച്ച് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത മറ്റ് ഏജന്‍സികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇങ്ങനെ തട്ടിച്ച പണം ഹവാലയായി ദുബായിലേക്കു കടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വത്ത് കണ്ടുകെട്ടിയത്. ഉതുപ്പ് വര്‍ഗീസിന്റെ 9.3 ഏക്കര്‍ സ്ഥലമാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്ഥലത്തിന് 1.92 കോടി രൂപ വിലമതിക്കും.

വന്‍കോഴവാങ്ങി കുവൈത്തിലെത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ വീണ്ടും കോടികള്‍ തട്ടിയെടുത്തതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം നടത്താമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്‌സുമാരെ വിഭ്യാഭ്യാസ മന്ത്രാലയത്തില്‍ നിയമനം നല്‍കുകയായിരുന്നു. ആരോഗ്യമന്ത്രാലയത്തിലെ നിയമനത്തിനായി 22 ലക്ഷം വാങ്ങിയ ഉതുപ്പ് വര്‍ഗീസും സംഘവും അഞ്ച് ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള വിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മാറ്റുകയായിരുന്നു. ഇതുവഴി 119 കോടിയോളം തട്ടിയെടുത്തതായാണ് പരാതി.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവാണ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസിലെ ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്. കോട്ടയം മണര്‍കാട് സ്വദേശിയായ ഉതുപ്പ് വര്‍ഗീസ് രണ്ട് വര്‍ഷത്തിലേറെയായി വിദേശത്താണ് താമസിച്ചിരുന്നത്.

തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 29 ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ഉതുപ്പ് വര്‍ഗീസിനെ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് സിബിഐക്ക് കൈമാറിയിരുന്നു. സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസിനെ തുടര്‍ന്നായിരുന്നു എമിഗ്രേഷന്‍ അധികൃതര്‍ ഉതുപ്പിനെ തടഞ്ഞുവച്ചത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഉതുപ്പ് വര്‍ഗീസിനെതിരേ കോട്ടയം മണര്‍കാട് പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബന്ധുവായ മൈലക്കാട്ട് ജോണ്‍ എം മാത്യുവിനെ 2009 ല്‍ വെടിവച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മണര്‍കാട് പൊലീസിന്റെ അറസ്റ്റുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *