എകെജി പരാമര്‍ശം: വി.ടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തൃത്താല( പാലക്കാട്): വി.ടി ബല്‍റാം എംഎല്‍എ യുടെ തൃത്താല ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബല്‍റാം എംഎല്‍എ യുടെ തൃത്താലയിലെ എംഎല്‍ ഓഫീസിലേയ്ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് എനടത്തിയത്. എകെജിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമസക്തമായത്.

തൃത്താല ഓഫീസിനു പത്തു മീറ്റര്‍ മുന്നില്‍ വെച്ച് മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും, പോലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. മാര്‍ച്ച് ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിട്ടും വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് മാര്‍ച്ച് നിയന്ത്രിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നത്. പോലീസുകാര്‍ക്ക് നേരെ കല്ലേറുമുണ്ടായി. പോലീസിനെ തട്ടിമാറ്റി മുന്നേറിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. എംഎല്‍എ ഓഫീസ് നേരത്തെ ഷട്ടറിട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഈ ഓഫീസിനു മുന്നിലേയ്ക്ക് രാവിലെ ചിലര്‍ മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു.

ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. ബല്‍റാമിന്റെ പരാമര്‍ശത്തിനു പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ആരോപണങ്ങള്‍ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎല്‍എ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയില്‍ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോള്‍ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബല്‍റാമിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *