കാസര്‍കോട്: ( 20.01.2018) ടി പി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ സുഖചികിത്സ നല്‍കുകയാണെന്നും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ പൂര്‍ണമായും രാഷ്ട്രീയ വത്കരിച്ചിരിക്കുകയാണ്.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മാറ്റുകയും തങ്ങള്‍ക്കിഷ്ടമുള്ളവരെ ഉന്നതസ്ഥാനങ്ങളില്‍ കുടിയിരുത്തുകയുമാണ് ചെയ്യുന്നത്. ഇത് പോലീസിന്റെ ആത്മവീര്യം തകര്‍ക്കും. കോടിയേരി ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്നും ചൈനയെ പുകഴ്ത്തുന്നത് നിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചൈന ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ നീക്കങ്ങളാണ് നടത്തിവരുന്നത്. കോടിയേരി കമ്യൂണിസ്റ്റുകാരനാണെങ്കിലും ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.
കെ എം മാണിയും പി ജെ ജോസഫും യു ഡി എഫില്‍ നിന്നും സ്വയം പുറത്തുപോയതാണ്. തിരിച്ചുവരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും യു ഡി എഫിന് ഇക്കാര്യത്തില്‍ തുറന്ന മനസാണെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കയാണ്. മെഡിക്കല്‍ കോളജുകള്‍ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
