ന്യുഡല്‍ഹി: സുപ്രീം കോടതിയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് ഒരുങ്ങി സി.പി.എം. പ്രതിപക്ഷ കക്ഷികളെ കൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റിന് പ്രമേയം കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാതെ വരുന്നതും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്തുമാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.
സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം വിളിച്ചതോടെയാണ് കോടതി വിവാദത്തിലാകുന്നത്. ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇതിനു പ്രധാന കാരണം. ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചുനല്‍കുന്നതില്‍ ചീഫ് ജസ്റ്റീസ് തന്റെ വിവേചനാധികാരം ദുരുപയോഗിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇത്രയും ഗൗരവമായ ആരോപണം ഉയര്‍ന്നിട്ടും ചീഫ് ജസ്്റ്റീസിനെതിരെയോ ആരോപണം ഉന്നയിച്ചവര്ക്കെതിരെയോ യാതൊരു നടപടിക്കും പാര്‍ലമെന്റോ സര്‍ക്കാരോ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി.പി.എം ചീഫ് ജസ്റ്റീസിനെ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
ജഡ്ജിമാരുടെ ഇംപീച്ച്മെന്റ് എന്നത് അത്ര ലളിതമായ നടപടിക്രമമല്ല. ജഡ്ജസ് ഇന്‍ക്വയറി ആക്ട് 1968 പ്രകാരമാണ് നടപടിക്രമങ്ങള്‍. പാര്‍ലമെന്റില്‍ കുറഞ്ഞത് 100 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് ലോക്സഭാ അധ്യക്ഷനോ 50 പേരുടെ പിന്തുണയുള്ള നോട്ടീസ് രാജ്യസഭാ അധ്യക്ഷനോ നല്‍കുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് നോട്ടീസ് ലഭിക്കുന്ന സഭയില്‍ നടക്കും. രണ്ടാമത്തെ സഭയിലും ചര്‍ച്ച നടത്തും. തുടര്‍ന്ന് ഒരു കമ്മിറ്റിയെ പ്രശ്നം പഠിക്കാന്‍ നിയോഗിക്കും. സമിതിയിലെ ഒരംഗം ജഡ്ജിയായിരിക്കും.
കമ്മിറ്റിയുടെ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ പ്രമേയം ഇരുസഭകളും വോട്ടിനിട്ട് പാസാക്കുകയും വേണം. ഇതിന് ഇരുസഭകളിലും മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷവും വോട്ടിംഗില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഉണ്ടായിരിക്കണം. പ്രമേയം പാസായാല്‍ അതേ സമ്മേളന കാലത്തു തന്നെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. രാഷ്ട്രപതിയാണ് ജഡ്ജിയെ നീക്കിയ വിജ്ഞാപനം പുറപ്പെടുവിക്കുക. വി.രാമസ്വാമി എന്ന ജഡ്ജിയെ ആണ് ആദ്യമായി ഇത്തരത്തില്‍ നീക്കിയത്.
