പത്തനംതിട്ട: ജലവിതരണ പദ്ധതികളുടെയും വൈദ്യുത പദ്ധതികളുടെയും നാടായ പത്തനംതിട്ട ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. പമ്ബ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ജലസ്രോതസുകള്‍ വരണ്ടതോടെ നദീ തീരങ്ങളിലേതടക്കം കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെട്ടു തുടങ്ങി.
പമ്ബയുടെ തീരത്തു മാത്രം 18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണ് ജില്ലയിലുള്ളത്. നദിയോടു ചേര്‍ന്നു കിണറുകള്‍ നിര്‍മിച്ചു വെള്ളം പമ്ബു ചെയ്യുന്ന പദ്ധതികളുടെ പ്രവര്‍ത്തനം എത്രനാള്‍ ഉണ്ടാകുമെന്ന ആശങ്ക ഉണര്‍ന്നിട്ടുണ്ട്. നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കിണറുകളിലും വെള്ളം കുറഞ്ഞു. മിക്ക പദ്ധതികളിലും ചെളിവെള്ളമാണ് പമ്ബു ചെയ്തുവരുന്നത്. ഇതോടെ കിണറുകളോടു ചേര്‍ന്നു താത്കാലിക തടയണകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പുതുതായി തുടങ്ങിയ പദ്ധതികളിലടക്കം മണിമല, അച്ചന്‍കോവില്‍ നദികളോടു ചേര്‍ന്ന പദ്ധതികളുടെ നിലനില്‍പും ആശങ്കയിലാണ്.
ജലവൈദ്യുതി പദ്ധതികളുടെ സംഭരണികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 90 ശതമാനം വരെയെത്തിയ സംഭരണികളിലാണ് വേനലിന്റെ കാഠിന്യത്തില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നത്. പ്രധാന പദ്ധതികളായ ശബരിഗിരി, കക്കാട് എന്നിവയുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കും. പമ്ബ ജലസേചന പദ്ധതിയ്ക്കു വേണ്ടി മണിയാര്‍ സംഭരണിയില്‍ നിന്നു വെള്ളം എത്തിക്കേണ്ടതിനാല്‍ മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തനം വേനല്‍ക്കാലത്ത് നിര്‍ത്തിവയ്ക്കുകയാണ് പതിവ്. കക്കാട് പദ്ധതിയിലെ ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കേണ്ട അള്ളുങ്കല്‍, കാരിക്കയം, പെരുനാട് പദ്ധതികളിലും ഉത്പാദനം നാമമാത്രമാണ്. കിഴക്കന്‍ മേഖലയിലെ കാട്ടരുവികളും നീരുറവകളും വറ്റി വരണ്ടതോടെയാണ് നദിയിലെ ഒഴുക്ക് കുറഞ്ഞത്.
പമ്ബയില്‍ ജലനിരപ്പ് വളരെവേഗമാണ് താഴുന്നത്. പല ഭാഗങ്ങളിലും ഒഴുക്ക് നാമമാത്രമാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതും ജലമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. വെള്ളം കുറയുന്നത് ജലവിതരണ പദ്ധതിയിലൂടെ ശുദ്ധജലം നല്‍കുന്നതിനും തടസമാകും. ഭൂരിഭാഗം പദ്ധതികള്‍ക്കും ശുദ്ധീകരണ ശാലകള്‍ ഇല്ല. ക്ലോറിനേഷന്‍ നടത്തിയാണ് വെള്ളം പമ്ബു ചെയ്യുന്നത്. അച്ചന്‍കോവില്‍, മണിമല നദികള്‍ ഇടമുറിഞ്ഞു തുടങ്ങി. ജനുവരി മുതല്‍ തന്നെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് വേനലിന്റെ രൂക്ഷത വെളിവാക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പെയ്ത മഴയില്‍ പെട്ടെന്ന് നദികളില്‍ ജലനിരപ്പുയര്‍ന്നിരുന്നുവെങ്കിലും മഴ കുറഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പും താഴ്ന്നു.
നദിയുടെ അടിത്തട്ടുകള്‍ താഴ്ന്നു കിടക്കുന്നതാണ് ജലനിരപ്പ് വളരെവേഗം താഴാന്‍ കാരണമെന്നു വിലയിരുത്തുന്നു. പത്തനംതിട്ട ജില്ലയില്‍ പകല്‍ താപനില ദിവസവും ഉയരുകയാണ്. കഴിഞ്ഞയാഴ്ച ശരാശരി 35 ഡിഗ്രി വരെ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായ പുനലൂരില്‍ 35 ഡിഗ്രിയാണ് ശരാശരി താപനില. അതേനിലയില്‍ പത്തനംതിട്ട ജില്ലയിലും അന്തരീക്ഷ താപനില ചില ദിവസങ്ങളില്‍ അനുഭവപ്പെടുന്നു. പകല്‍ അനുഭവപ്പെടുന്ന ചൂടും രാത്രിയിലെ ശൈത്യവും വരള്‍ച്ചയുടെ രൂക്ഷത പ്രകടമാക്കുന്നതാണ്.
തണ്ണീര്‍ത്തടങ്ങളും പാടങ്ങളും കുറഞ്ഞതോടെ പടിഞ്ഞാറന്‍ മേഖലയിലും ചൂട് അസഹ്യമായി തുടങ്ങി. തിരുവല്ലയിലും 354 ഡിഗ്രി ചൂട് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു. വേനല്‍ മഴ ലഭിക്കാത്തതും ജില്ലയില്‍ ചൂട് വര്‍ധിക്കാന്‍ കാരണാകും. ചെറിയ മഴ മാത്രമാണ് പല ഭാഗങ്ങളിലും ലഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില ഉയരുന്നതു ജലക്ഷാമത്തോടൊപ്പം ചൂടു മുഖേനയുള്ള പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. വിവിധ മതസമ്മേളനങ്ങളും പെരുന്നാളുകളും നടക്കുന്ന കാലയളവായതിനാല്‍ കാല്‍നട യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഉയര്‍ന്ന താപം ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പിക്കാനുള്ള സാധ്യത ആരോഗ്യവകുപ്പും മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള സൂര്യതാപം മൂലം പലര്‍ക്കും പൊള്ളലേറ്റിരുന്നു.
