സ്ഥാനാര്‍ത്ഥിയെ മറന്നേക്കൂ; മോഡിയുടെ പേരില്‍ വോട്ട് ചോദിക്കൂ: പ്രവര്‍ത്തകരോട് അമിത് ഷാ

ഹൂബ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കര്‍ണാടകയിലെ പ്രവര്‍ത്തകരോട് അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കര്‍ണാടകയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ ആഹ്വാനം. നിങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നോക്കണ്ട, താമര ചിഹ്നത്തിലേക്ക് നോക്കൂ, മോഡിയുടെ ചിത്രത്തിലേക്കും നോക്കൂ-അമിത് ഷാ പറഞ്ഞു. ദക്ഷിണ കന്നടയില്‍ ബന്റ്വാലില്‍ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

നിയോജക മണ്ഡലത്തില്‍ വിജയിക്കുക എന്നതല്ല നിങ്ങളുടെ ചുമതല. നിങ്ങളുടെ ബൂത്തുകളില്‍ വിജയിക്കുക. പല ബൂത്തുകളില്‍ വിജയിക്കുമ്ബോള്‍ നിയോജക മണ്ഡലത്തില്‍ വിജയിക്കും. 56,000 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ ബൂത്തിലും 1200 വോട്ടര്‍മാരുണ്ട്. അടുത്ത രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സംസ്ഥാനത്ത് പ്രചരണ തന്ത്രങ്ങളുമായി സജീവമായിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

വോട്ടര്‍മാരെ നാല് വിഭാഗമായി തിരിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ പ്രചരണം. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് നാല് വിഭാഗങ്ങള്‍. എ പ്ലസില്‍ ബി.ജെ.പിയുടെ കടുത്ത അനുഭാവികള്‍ ഉള്‍പ്പെടുന്നു. ഇവരുടെ വോട്ട് ലഭിക്കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വിഭാഗം തന്നെയാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി വിഭാഗത്തില്‍ അനുഭാവമുള്ളവരും നിരന്തര പ്രചരണത്തിലൂടെ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരും. പാര്‍ട്ടിയെ പിന്തുണയ്ക്കാത്തവരാണ് നാലാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

മുഴുവന്‍ വോട്ടര്‍മാരെയും നേരിട്ട് കണ്ട് അവര്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നും വോട്ട് ചെയ്യുന്നവരല്ലെങ്കില്‍ എങ്ങനെ അവരെ അനുകൂലമാക്കാമെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുതല പ്രചരണത്തിനാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നത്. സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ബൂത്ത് തലത്തിലുള്ളതായിരിക്കും. വാട്സ്‌ആപ്പ് വഴിയുള്ള പ്രചരണത്തിന് ഓരോ പ്രവര്‍ത്തകനും കുറഞ്ഞത് അഞ്ച് വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *