തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് തെറ്റില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രക്ഷിക്കാവുന്ന നിലയിലല്ല മുരുകനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കൊല്ലത്തിനടുത്ത് ഇത്തിക്കരയില്‍ ദേശീയപാതയില്‍ വച്ച് മുരുകന് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആറ് ആശുപത്രികളിലെത്തിച്ചെങ്കിലും എവിടെ നിന്നും ചികിത്സ ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിഞ്ഞ മുരുകന് പിന്നീട് മരിച്ചു.
മുരുകനെ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മസ്തിഷ്ക മരണം സംഭവിച്ചതാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരെയും പിജി വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
സംഭവത്തില്‍ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്ജന് ഡോ.പികെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ ബോര്‍ഡിന്റേതാണ് റിപ്പോര്‍ട്ട്.
