അരീക്കോട്: കൈപിടിച്ച് കൊടുക്കേണ്ട അച്ഛന് മകളുടെ ഘാതകനായ സംഭവത്തില്‍ പ്രതികരണവുമായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് . പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയതെന്നും ബ്രിജേഷ് പറഞ്ഞു. ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടില്ലെന്നും ബ്രിജേഷ് വ്യക്തമാക്കി.
വിവാഹത്തലേന്ന് മകളെ അച്ഛന് കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനത്തോടുള്ള കടുത്ത എതിര്‍പ്പാണെന്ന് പൊലീസ് വിശദമാക്കി. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് ഈ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇരുപത്തൊന്നുകാരിയായ ആതിര രാജാണ് അച്ഛന്റെ പിച്ചാത്തി പിടിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.
സൈനികനായ കൊയിലാണ്ടിയിലെ ഒരു യുവാവുമായി ആതിര ഏറെ നാളായി പ്രണയത്തിലായിരുന്നു. നാളെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.എന്നാല്‍ ഈ ബന്ധത്തിന് രാജന് സമ്മതിച്ചില്ലായിരുന്നു. പിന്നീട് മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ രാജന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആതിരയുമായി വിവാഹത്തലേന്ന് വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആതിരയെ പിറകെ ഓടി രാജന് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. വീട്ടില്‍ വച്ചുതന്നെയാണ് രാജന് കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചിരുന്നു.
പിതാവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആതിരയുടെ സംസ്കാരം ഇന്ന് നടക്കും. ഇടത് നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് ആതിരയുടെ മരണത്തിനിടയാക്കിയത്
