ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ തത്സഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചില്ല. കോണ്‍ഗ്രസ് നേതൃത്വമെടുത്ത് കൊണ്ടുവന്ന പ്രമേയത്തിലാണ് രാജ്യസഭാംഗം കൂടിയായ മന്‍മോഹന്‍ സിംഗ് ഒപ്പുവയ്ക്കാത്തത്. ഏഴു കക്ഷികളില്‍ നിന്നുള്ള 71 എം.പിമാരുടെ പിന്തുണയോടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ആയതിനാലാണ് പ്രമേയത്തില്‍ ഒപ്പുവയ്ക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതൃത്വം മന്‍മോഹന്‍ സിംഗിനെ ഒഴിവാക്കിയത്. മന്‍മോഹന്‍ സിംഗ് മുന്‍ പ്രധാനമന്ത്രിയായതിനാല്‍ അദ്ദേഹത്തെ ഈ വിഷയത്തില്‍ ഇടപെടാന്‍ തങ്ങള്‍ അനുവദിച്ചില്ലല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇംപീച്ച്‌മെന്റിനായി ശക്തമായ വാദമാണ് ഉന്നയിക്കുന്നത്. ‘ജനാധിപത്യം ഭീഷണിയിലാണെന്നും’ നീതിന്യായവ്യവസ്ഥയിലെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഇത്തരമൊരു ദിവസം ഭരണഘടനയുടെ ചട്ടക്കൂടില്‍ വരുന്നതിനെ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. ദീപക് മിശ്ര ചുമതലയേറ്റതുമുതല്‍ ചില കേസുകളില്‍ വിട്ടുവീഴ്ച നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നുവെന്നും സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.
