ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിലെ ഐഎഎസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. ലഫ്. ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ് നിവാസിന്റെ സന്ദര്‍ശക മുറിയില്‍ കുത്തിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും 24 മണിക്കൂര്‍ പിന്നിട്ടിട്ടും പുറത്തിറങ്ങിയിട്ടില്ല.
ഇതിനിടെ കേജരിവാളിനൊപ്പമുള്ള ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ നിരാഹാര സമരവും ആരംഭിച്ചു. തനിക്കുവേണ്ടിയല്ല, ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആണ് കേജരിവാളും മൂന്നു സഹമന്ത്രിമാരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചുമതലകളില്‍ നിന്നു നാലു മാസമായി വിട്ടുനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിയും മുടങ്ങിപ്പോയെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയും മന്ത്രിമാരും, ചുമതല നിര്‍വഹിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് ലഫ്. ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി കേജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിന്, ഗോപാല്‍ റായി എന്നിവര്‍ രാജ് നിവാസിന്റെ സന്ദര്‍ശക മുറിയില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
തിങ്കളാഴ്ച രാത്രി മുഴുവന്‍ സന്ദര്‍ശക മുറിയില്‍ ചെലവഴിച്ച മുഖ്യമന്ത്രി ഇന്ന് രാവിലെ ലഫ്. ഗവര്‍ണറെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. “ഗുഡ്മോണിംഗ് സര്, ഇന്നലെ വൈകിട്ട് മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും അങ്ങയുടെ ഓഫിസിലെ സോഫയിലാണു കിടന്നുറങ്ങിയത്. തിരക്കേറിയ പരിപാടികള്‍ക്കിടയില്‍ ഇന്നെങ്കിലും കൂടിക്കാഴ്ച നടത്താനാവുമോ?’- കേജരിവാള്‍ ലഫ്. ഗവര്‍ണറോടു ചോദിച്ചു. ഒപ്പം കേജരിവാള്‍, സത്യേന്ദ്ര ജെയിന് എന്നിവര്‍ രാജ്നിവാസിലെ സോഫകളിലും മറ്റ് രണ്ട് പേര് ഗ്ലാസ് മേശയില്‍ കാല്‍വെച്ച് ചാരിയിരുന്ന് ഉറങ്ങുന്നതുമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
