കൊല്ലം: ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിക്കുകയും മാതാവിനോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഇരുകൂട്ടരും അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതികള്‍ പിന്‍വലിച്ചു. ഗണേശ്കുമാറിന്റെ പി.എ പ്രദീപും മര്‍ദ്ദമേറ്റ ഷീനയും മകന് അനന്തകൃഷ്ണനുമാണ് പരാതികള്‍ പിന്‍വലിച്ചത്. അതേസമയം, കേസില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ബാക്കിയാണ്. പരാതികള്‍ പിന്‍വലിക്കാനാണ് ധാരണയെങ്കിലും കക്ഷികള്‍ തമ്മില്‍ പുറത്തുണ്ടാക്കുന്ന ഒത്തുതീര്‍പ്പ് കോടതി അംഗീകരിക്കണമെന്നില്ല. മാത്രമല്ല, കോടതിക്ക് സ്വമേധയാ കേസെടുക്കാമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഇരുകക്ഷികളും പരാതികള്‍ നല്കിയ അഞ്ചല്‍ പൊലീസിലെത്തി പുതിയ മൊഴി നല്‍കണം. ഈ മൊഴി പൊലീസ് രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് കോടതിയുടെ നടപടി പ്രകാരം മാത്രമേ കേസില്‍ അന്തിമ തീര്പ്പുണ്ടാകുകയുള്ളൂ. മൊഴി പ്രകാരം നിയമപരമായി ഒത്തുതീര്‍പ്പാക്കാന്‍ പറ്റാത്ത കുറ്റകൃത്യമാണ് നടന്നത്. കോടതിയില്‍ മൊഴി നല്കിയ ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറിയാല് പരാതി വ്യാജമാണെന്ന വ്യാഖ്യാനമുണ്ടാകാം. ഈ സാഹചര്യത്തില്‍ വ്യാജപരാതി നല്‍കിയെന്ന് പറഞ്ഞ് മൂന്നാമതൊരാള്‍ കോടതിയെ സമീപിച്ചാലും കോടതിക്ക് കേസെടുക്കേണ്ടി വരുമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെ എം.എല്‍.എ മര്‍ദ്ദിക്കുകയും മാതാവ് ഷീനയോട് മോശമായി പെരുമാറുകയും ചെയ്തെന്ന പരാതി അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് ഈ മാസം 13നാണ്. അതേദിവസം എം.എല്‍.എയെ അനന്തകൃഷ്ണന് മര്‍ദ്ദിച്ചെന്ന് ഇരുവര്‍ക്കുമെതിരെ എം.എല്‍.എയുടെ സഹായിയും പരാതി നല്കി. തുടര്‍ന്ന് സെക്ഷന്‍ 164 പ്രകാരം 16ന് ഷീന എം.എല്‍.എയ്ക്കെതിരെ ചവറ മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ രഹസ്യമൊഴിയാണ് എം.എല്‍.എയെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍, പരാതി നല്കിയ കക്ഷികളുടെ ഇംഗിത പ്രകാരമല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തി കുറ്റകൃത്യം നടന്നോ ഇല്ലയോ എന്ന് കണ്ടെത്തേണ്ട ചുമതലയാണ് പൊലീസിന്റേത്. ഷീന നല്കിയ രഹസ്യമൊഴിയില്‍ നിന്ന് പിന്മാറാനും നൂലാമാലകളുണ്ടാകാം.
