തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും.
തുടര്‍ന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദര്‍ശിച്ച് രാത്രി ഡല്‍ഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആര്.കെ. ജെയിന്, ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ്കുമാര്‍ ജിണ്ടാല്‍, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടാകും.
