കോഴിക്കോട്: അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. അടിസ്ഥാന സൗകര്യങ്ങള്‍ വിപണിക്കു വേണ്ടിയാവരുതെന്നും കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല തുടങ്ങിയ കുയുക്തികള്‍ നിരത്തുന്നവരെ നേരിടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റു ഭൗമശാസ്ത്ര പ്രശ്നങ്ങളും പരിഗണിച്ചുകൊണ്ടും അതിനെ കര്‍ശനമായി ഉള്‍പ്പെടുത്തിക്കൊണ്ടും മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാവൂ. ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലുകളുടെ അനുഭവം വച്ച്, സമയാസമയങ്ങളില്‍ ഭൗമശാസ്ത്ര പരിശോധനകള്‍ നടത്തി, ദുര്‍ബലമാകുന്ന പ്രദേശങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടങ്ങള്‍ ഒഴിവാക്കാനുമുള്ള സ്ഥിരമായ സംവിധാനത്തിന് രൂപം കൊടുക്കണം- വി.എസ് പറഞ്ഞു.
എട്ടു വര്‍ഷം മുന്‍പ് ചിലി സുനാമി ദുരന്തത്തില്‍നിന്നു കരകയറിയപ്പോള്‍ അവര്‍ നിര്‍മിച്ചത് പൂര്‍ണ വീടുകളായിരുന്നില്ല. പിന്നീട് വികസിപ്പിക്കാവുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളാണ്. ഇത്തരം മാതൃകകള്‍ കണ്ടെത്തണമെന്നും വി.എസ് നിര്‍ദേശിച്ചു.
