കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു. വസ്ത്രം കടത്തിയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെയാണ് 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിറ്റി കമ്മിഷണര്‍ എംപി. ദിനേശ് ഉത്തരവിട്ടു.
അന്വേഷണം നടത്തിയ ശേഷമായിരിക്കും എന്തു തരം നടപടി വേണമെന്ന് തീരുമാനിക്കുക. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ വേര്‍തിരിക്കുന്നതിനിടയിലാണു വസ്ത്രങ്ങള്‍ കടത്തിയത്.സംഭവം വിവാദമാവുകയും സിസിടിവി ദൃശ്യങ്ങള്‍ തെളിവാകുകയും ചെയ്തതോടെ, വസ്ത്രങ്ങള്‍ തിരിച്ചേല്‍പിച്ചു തടിയൂരാന്‍ ശ്രമം നടന്നു.
എന്നാല്‍, ഇപ്പോഴും മുഴുവന്‍ വസ്ത്രങ്ങളും തിരിച്ചെത്തിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സംഭവം പുറത്തായതോടെ, ഇവരെ വിവിധ സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റിയത് പ്രഹസനമാണെന്നും പൊലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ സംഭവം ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു നടപടിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അടുത്ത സ്റ്റേഷനുകളിലേക്കാണ് 12 പേരെയും മാറ്റിയത്.
