കിം ജോങ്ങുമായി താന്‍ സ്‌നേഹത്തിലാണ്; വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടന്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും മറ്റു രാഷ്ട്രങ്ങളുടെയും നോട്ടപ്പുള്ളിയായ കിമ്മിനെ യുഎന്നിലും ട്രംപ് പുകഴ്ത്തിയിരുന്നു. അസാധാരണമായ കത്ത് കിമ്മില്‍ നിന്നു തനിക്കു ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഉത്തര കൊറിയന്‍ ഭരണാധികാരിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള നടപടികള്‍ വേഗത്തിലാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

യുഎന്‍ വേദിയില്‍ ഒരു വര്‍ഷം മുമ്ബ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ആദ്യ പ്രസംഗത്തില്‍ ഉത്തര കൊറിയയെ പൂര്‍ണമായി നശിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

തൊട്ടുപിന്നാലെ കിം ട്രംപിനെ യുഎസിലെ മന്ദബുദ്ധിയെന്നും പരിഹസിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വാക്‌പോരാട്ടം യുദ്ധത്തിലേക്കു കടക്കുമെന്ന് ആശങ്കകള്‍ ഉയരുന്നതിനിടെയാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വച്ച്‌ ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി. യുഎസ് ഉത്തരകൊറിയ ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *