തിരുവനന്തപുരം: തുറമുഖ പദ്ധതികള്‍ക്കായാലും മറ്റേതെങ്കിലും വികസന പദ്ധതികള്‍ക്കായാലും പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്ബ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് റവന്യുമന്ത്രിക്ക് കത്ത് നല്കി.
പ്രകൃതിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ പ്രളയകാലം. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്ബുകള്‍ നിര്‍ണയിക്കാനുള്ള ചരിത്രപരമായ കടമ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല. കാരണമായി നിര്‍മ്മാതാക്കള്‍ പറയുന്നത് പാറയുടെ ലഭ്യതക്കുറവാണ്.അവര്‍ക്കായി മാത്രം പ്രത്യേക അനുമതികള്‍ നല്കാന് കരാറില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ആ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് ജനങ്ങളുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിരത തകര്‍ക്കുന്ന രീതിയില്‍ പാറമടകള്‍ക്ക് അനുമതി നല്‍കുന്നത് ന്യായീകരിക്കാനാവില്ല.
പശ്ചിമഘട്ടത്തിന് ആഘാതമുണ്ടാക്കുന്ന വികസന പ്രവര്ത്തനങ്ങളേതായാലും അതിന് ശാസ്ത്രീയമായ ന്യായീകരണങ്ങളും സുതാര്യതയും വേണം. ഇക്കാര്യത്തില്‍ റവന്യു വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
