ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 2825 പേര്. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പിടിയിലായ മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചെങ്കിലും അറസ്റ്റുമായി ബന്ധപ്പെട്ടു പോലീസ് നടപടിക്കെതിരേ ഹൈക്കോടതി നിരീക്ഷണമുണ്ടായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ നിലപാടു മയപ്പെടുത്തി. നിരീക്ഷണ കാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ സ്ത്രീകള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ പോലീസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തത് അടക്കമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. ഈ കേസുകളില്‍ പിടിയിലായവര്‍ക്കു ജാമ്യം ലഭിക്കാന്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കേണ്ടി വരും. 10,000 രൂപ മുതലുള്ള തുകയാണു കെട്ടിവയ്ക്കേണ്ടത്.
