പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കാനൊരുങ്ങുമ്ബോള്‍ വന്‍സുരക്ഷാ സന്നാഹമാണ് പൊലീസ് പമ്ബയിലും സന്നിധാനത്തുമൊരുക്കുന്നത്. എന്നാല്‍ ഏതുവെല്ലുവിളിയേയും നേരിടാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.മുതിര്‍ന്ന സംഘപ്രചാരകന്‍മാരെയെല്ലാം ആര്.എസ്.എസ് ഇതിനു വേണ്ടി നിയോഗിച്ചിരിക്കുയാണ്.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ശക്തിയുമെടുത്ത് പോരാടാനാണ് ആര്.എസ്.എസ് തീരുമാനം.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ വടക്കന്‍ ജില്ലകളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കേഡര്‍മാരെ നവംബര്‍ അഞ്ചിന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്ബോള്‍ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ സന്നിധാനത്തുണ്ടാകും. ആറന്മുള സമരനായകന് കൃഷ്ണന് കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോന് എന്നിവരാണ് സമരം നയിക്കുക. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ തടയാന്‍ ശശികലയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം മാളികപ്പുറങ്ങളാണ് സന്നിധാനത്ത് അണിനിരക്കുക.
തുലാമാസ പൂജയുടെ സമയത്ത് ശബരിമലയില്‍ നടന്ന പ്രതിഷേധം ആര്.എസ്.എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാല്‍ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആര്.എസ്.എസ് കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. വിശ്വാസികളെ കേസില്‍ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാന്‍ ആര്.എസ്.എസ് നേരിട്ട് രംഗത്തിറങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
