ന്യൂഡല്‍ഹി:ഭാര്യയെ വെടിവച്ച് കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മന്‍ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത (26) രാജീവ് (40) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
മന്‍ജീത്തും ഏഞ്ചലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ എതിര്‍പ്പുമായി ഭാര്യ സുനിത രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധത്തിന് തടസമായ ഭാര്യയെ ഇല്ലാതാക്കാന്‍ ഇരുവരും വാടകകൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നെന്ന് ഡി.സി.പി രജ്നീഷ് ഗുപ്ത പറഞ്ഞു.
സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സുനിതയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് വീണ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, വാടകകൊലയാളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി വ്യക്തമാക്കി.
