സന്നിധാനത്ത് തൃശൂര്‍ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയായ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീയെത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു.

പേരക്കുട്ടിയുടെ ചോറൂണിനായി കുടുംബത്തോടൊപ്പം ശബരിമലയില്‍ എത്തിയതാണ് ലളിത. പ്രായം സംബന്ധിച്ച സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപ്പന്തലില്‍വെച്ച്‌ ഭക്തര്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയ നടപ്പന്തലില്‍ നാമജപപ്രതിഷേധവും നടത്തി.

പോലീസെത്തി രേഖകള്‍ പരിശോധിച്ചതോടെ ലളിതയ്ക്ക് 52 വയസുണ്ടെന്ന് പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം നടത്തിയ ഭക്തരുടെ നേതൃത്വത്തില്‍ തന്നെ ഇവരെ സന്നിധാനത്തേയ്ക്ക് എത്തിച്ചു. പ്രതിഷേധത്തിനിടെ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലും നേരിയ സംഘര്‍‌ഷം ഉണ്ടായി.‌

ലളിതയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായി ഭര്‍ത്താവ് രവി ആരോപിച്ചു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്, ഇതിന് പിന്നാലെയാണ് പ്രതിഷേധം നടന്നതെന്ന് ലളിത പറഞ്ഞു. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവയ്ക്കല്‍, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *