മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ശമ്ബളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്.
പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ കമ്ബനിയിലെ രണ്ട് ജോലിക്കാരുടെ ശമ്ബളം ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളുടെ 3000 രൂപയാണ് വെട്ടിക്കുറച്ചത്. തുടര്‍ന്ന് ഇവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
മാത്രമല്ല, ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്ബനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
