മലപ്പുറം-മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സ്വതന്ത്രന്മാരെ വലവീശുന്നു. ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്.വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രമായിരിക്കും സി.പി.എമ്മിന്റെ പ്രമുഖര്‍ മല്‍സരിക്കുന്നത്. മറ്റു മണ്ഡലങ്ങളില്‍ മുസ്്ലിം ലീഗിനോട് പോരാടാന്‍ കെല്‍പ്പുള്ള സ്വതന്ത്രരെയാണ് തേടുന്നത്.
ഇടതുപക്ഷത്തിന് പ്രമുഖരായ നേതാക്കളുള്ളത് സി.പി.എമ്മില്‍ മാത്രമാണ്. മറ്റു ഘടകകക്ഷികള്‍ക്കൊന്നും നിയമസഭയില്‍ മല്‍സരിച്ച് വിജയിക്കാന്‍ കെല്‍പ്പുള്ള നേതാക്കളില്ല. സി.പി.എമ്മിലാകട്ടെ,സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന, ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കേണ്ടി വരും. എന്നാല്‍ രണ്ടോ മൂന്നോ സീറ്റുകളിലേറെ സാധ്യതയുള്ള മണ്ഡലങ്ങള്‍ ജില്ലയിലില്ല. പൊന്നാനിയില്‍ സിറ്റിംഗ് എം.എല്‍.എ. പി.ശ്രീരാമകൃഷ്ണന് തന്നെ മല്‍സരിച്ചേക്കും. അദ്ദേഹത്തെ പെരിന്തല്ണ്ണയിലേക്കോ,നിലമ്പൂരിലേക്കോ മാറ്റുന്ന കാര്യം സി.പി.എം.ആലോചിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ നിലമ്പൂരില്‍ മല്‍സരിച്ച് പരാജയപ്പെട്ട ശ്രീരാമകൃഷ്ണനെ വീണ്ടും അവിടെ മല്‍സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. ഇടതുപക്ഷത്തിന് സ്വാധീനമുളള്ള പെരിന്തല്‍ണ്ണയില്‍ വി.ശശികമാറിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അവിടെ നേരത്തെ ശശികുമാര്‍ വിജയിച്ചിരുന്നു. പ്രാദേശികമായ പിന്തുണയുള്ള ശശികുമാറിനെ പെരിന്തല്‍മണ്ണയില്‍ തന്നെ നിര്‍ത്തണമെന്ന അഭിപ്രായം മുന്നണിയില്‍ ശക്തമാണ്.സി.പി.എം.നേതാക്കളായ ടി.കെ.ഹംസ,പി.കെ.സൈനബ,ഇ.എന്‍.മോഹന്‍ദാസ് തുടങ്ങിയവര്‍ വോട്ടുകള്‍ നേടാന്‍ കഴിവുള്ളവരാണ്. എന്നാല്‍ മുസ്്ലിം ലീഗിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഇവരെ നിര്‍ത്തി പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.
വിജയസാധ്യതയുള്ള സ്വതന്ത്രമാരെ മല്‍സരിപ്പിച്ച് പിന്തുണ നല്‍കുകയെന്ന തന്ത്രമായിരിക്കും ഇത്തവണ ഇടതുപക്ഷം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പ്രയോഗിക്കുക. വി.അബ്്ദുറഹ്്മാനെ ഇത്തവണയും സ്വതന്ത്ര ചിഹ്്നത്തില്‍ മല്‍സരിപ്പിക്കാന്‍ മുന്നണി തീരുമാനിച്ചിട്ടുണ്ട്. താനൂരിലോ തിരൂരിലോ അബ്്ദുറഹ്്മാനുണ്ടാകും. മുമ്പ് മഞ്ഞളാംകുഴി അലി, കെ.ടി.ജലീല്‍ എന്നിവരെ സ്വതന്ത്ര ചിഹ്്നത്തില്‍ നിര്‍ത്തി പിന്തുണച്ച് വിജയിപ്പിച്ച തന്ത്രം തന്നെയാണ് ഇത്തവണയും ഇടതുപക്ഷം പുറത്തെടുക്കുക. എന്നാല്‍ അന്നുണ്ടായിരുന്ന ലീഗ് വിരുദ്ധ വികാരം ഇപ്പോഴില്ലാത്തത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സോളിഡാരിറ്റി,ഐ.എന്‍.എന്‍,കോണ്‍ഗ്രസ് വിമതര്‍ തുടങ്ങിയവരുടെ പിന്തുണയോടെ രൂപീകരിപ്പിക്കുന്ന ജനകീയ മുന്നണികള്‍ക്ക് ചില മണ്ഡലങ്ങളില്‍ ഇടതുപക്ഷം പിന്തുണ നല്‍കും. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഇടതിന് ഗുണം ചെയ്തിരുന്നു.
