കൊച്ചി: ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷക സമിതിയുടെ വിമര്‍ശനത്തിന് സര്‍ക്കാരിന്റെ മറുപടി. യുവതികളെ രഹസ്യമായി പ്രവേശിപ്പിച്ചിട്ടില്ലന്നും കനക ദുര്‍ഗ്ഗയേയും ബിന്ദുവിനെയും അനുഗമിച്ചത് അജ്ഞാതരല്ലന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പമ്ബയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സിവില്‍ വേഷത്തില്‍ ഇരുവര്‍ക്കും സുരക്ഷ ഒരുക്കുകയായിരുന്നു. പ്രത്യേക വഴി തെരഞ്ഞെടുത്തത് യുവതികളുടെ സുരക്ഷ കണക്കിലെടുത്താണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി പോലീസിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.അജ്ഞാതരായ ചിലരാണ് ഇരുവരെയും അനുഗമിച്ചത് എന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. യുവതികളെ രഹസ്യമായി ശബരിമലയില്‍ എത്തിച്ചു എന്ന വാദം ശരിയല്ല. മാത്രവുമല്ല ഇവരെ അജ്ഞാതര്‍ അനുഗമിച്ചു എന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്.
യുവതികളെ അനുഗമിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. പമ്ബയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സിവില്‍ വേഷത്തില്‍ ഇരുവര്‍ക്കും സുരക്ഷ ഒരുക്കുകയായിരുന്നു.
സാധാരണ ഭക്തര്‍ പ്രവേശിക്കുന്ന വഴിയിലൂടെ യല്ലാതെ ഇരുവരെയും കൊണ്ടുപോയത് യുവതികളുടെ സുരക്ഷ കണക്കിലെടുത്താണ്.
ശബരിമല സന്ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരെ മുന്‍പ് ചിലര്‍ അക്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട് റിപ്പോര്‍ട്ട് കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.
