ടി.കെ.കോളനിയില്‍ വന്നത് മാവോയിസ്റ്റ് ഭവാനിദളം

നിലമ്പൂര്‍- പൂക്കോട്ടുംപാടത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ടി.കെ.കോളനിയിലെ വനം ഔട്ട് പോസ്റ്റിലെത്തിയത് മാവോയിസ്റ്റുകളുടെ ഭവാനിദളമായിരിക്കാമെന്ന് സൂചന.13ഓളം പേരാണ് ഭവാനി ദളത്തില്‍ ആദ്യമുണ്ടായിരുന്നത്. പത്തുപേര്‍ ടി.കെ.കോളനിയിലെത്തിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൈലന്റ് വാലി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞ ദിവസം കണ്ടതും ഇതേ സംഘത്തെതന്നെയാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അകലെയുള്ള മറ്റു ദളങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇവര്‍ പോകാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. ടി.കെ.കോളനിയിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് മാവോയിസ്റ്റ് വിഭാഗത്തിലെ വിവിധ ദളങ്ങളുടെ യോഗം വനത്തില്‍ നടക്കാന്‍ സാധ്യതയുള്ളതായി പറയുന്നു.ആശയങ്ങള്‍ കൈമാറല്‍, സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കൈമാറല്‍ തുടങ്ങിയവയും യോഗങ്ങളുടെ ഭാഗമായി നടക്കും. ടി.കെ.കോളനിയില്‍ നിന്നുള്ള സംഘം വഴിക്കടവ് അളക്കല്‍ കോളനിയുടെ ഭാഗത്തേക്കോ മരുത ഭാഗത്തേക്കോ പോകാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. വയനാട് ജില്ലയിലെ മേപ്പാടിയുടെ താഴ്‌വാരങ്ങളിലുള്ള പരപ്പന്‍പാറയില്‍ യോഗം ചേരാനും സാധ്യതയുള്ളതായി സൂചനയുണ്ട്. നിലമ്പൂര്‍ മേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം ശക്തമായതിനുശേഷം ഭവാനിദളം, കബനിദളം എന്നിവക്ക് പുറമേ നാടുകാണിദളം എന്നൊരു പുതിയ ദളം കൂടി രൂപവത്കരിച്ചതായി മുന്‍പ്തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനം ദുര്‍ബ്ബലമായതായി ഇന്റലിജന്റ്‌സിന് വിവരമുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടുകാണി ദളത്തില്‍ പുതിയ ആളുകള്‍ വന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദളങ്ങളും ചേര്‍ന്ന യോഗമായിരിക്കും നടക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ മാവോവാദികളുടെ വേട്ടക്കായുള്ള പ്രത്യേക സംഘം നിലമ്പൂര്‍ വനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *