തിരൂര്‍: തിരൂരില്‍ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിടവും വായനശാലയും തീയിട്ട് നശിപ്പിച്ച നിലയില്‍. സംഭവത്തില്‍ രണ്ട് ആര് എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ തലൂക്കര സ്വദേശികളായ പകിരിപ്പറമ്പില് സതീഷ്(37), കരിയംവളപ്പില്‍ വിനോദ് (35) എന്നിവരാണ് അറസ്റ്റിലായത്.
അക്രമി സംഘത്തില്‍ ഇരുപതോളം പേര് ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവച്ചതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന സിപി എം-ആര് എസ് എസ് സംഘര്‍ഷമായിരുന്നു തീവെപ്പില്‍ കലാശിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇരുപതോളം വരുന്ന സംഘം കെട്ടിടത്തിന് തീയിട്ടത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും അകത്തുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
അമ്പതോളം കസേരകള്‍, മേശ, അലമാരകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവും കത്തിച്ചാമ്പലായി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായി അണക്കാന്‍ സാധിച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വായനശാലയിലുണ്ടായിരുന്ന ടെലിവിഷന്‍, സംഗീത ഉപകരണങ്ങള്‍ എന്നിവ കാണാതായിട്ടുണ്ട്. 2001ല്‍ ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം. എ കെ ജി സ്മാരക വായനശാലയും സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേട്ട് അയല്‍വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇരുപതോളം വരുന്ന സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ നാട്ടുകാര്‍ പോലീസിന് കൈമാറി. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട് സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
തുടര്‍ന്ന് പോലീസെത്തി ഇരു വിഭാഗത്തെയും പിരിച്ചു വിടുകയായിരുന്നു.
എന്നാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നിട്ടും പോലീസ് വേണ്ടത്ര ഗൗനിച്ചില്ലെന്നും പോലീസ് അനാസ്ഥയാണ് അക്രമത്തിന് കാരണമായതെന്ന് ആരോപിച്ചാണ് രാവിലെ ഒമ്പതരയോടെ സ്ഥലത്തത്തെിയ തിരൂര്‍ ഡി വൈ എസ് പി. ടി സി വേണുഗോപാലിനെ നാട്ടുകാര്‍ തടഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാതെ വായനശാലക്കകത്തേക്ക് പോലീസിനെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
തുടര്‍ന്ന് രണ്ട് ആര് എസ് എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന് അയവ് വന്നു. പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി പി എം ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് തിരൂര്‍ സിഐ പറഞ്ഞു.
