കോട്ടയം: പ്രമുഖ കാഥികനും സിനിമാ താരവുമായ വി ഡി രാജപ്പന്(68)നിര്യാതനായി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ഒ ന്‍പതിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മക്കളുണ്ട്. 150 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ജീവിത ചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയായിരുന്നു വി ഡി രാജപ്പന്റേത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഒരുകാലത്ത് ഉത്സവ പറമ്പുകളെ ആവേശത്തിലാക്കിയ വി ഡി രാജപ്പന്റെ കഥാപ്രസംഗങ്ങളുടെ കാസറ്റ് പുറത്തിറങ്ങുന്നത് കാത്തിരിക്കുന്ന ആസ്വാദകരുമുണ്ടായിരുന്നു. മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ രാജപ്പനെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
കക്ക, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് മാച്ച്, കൃസൃതിക്കാറ്റ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ആലിബാബയും ആറരകള്ളന്മാരുമാണ് അവസാന ചിത്രം.
