ഒമാന്‍ : ഒമാനില്‍ മൂന്ന് കവര്ച്ചക്കേസുകളിലായി 13 പേര് പിടിയിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇതില്‍ രണ്ടെണ്ണം പൊലീസ് ചമഞ്ഞ് കവര്‍ച്ചനടത്തിയ കേസുകളാണ്.
ദോഫാറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചനടത്തിയ ഒമ്ബത് പേര് അറസ്റ്റിലായി. വീടുകളില്‍നിന്നും കടകളില്‍നിന്നുമാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് ദോഫാര്‍ പ്രവിശ്യയിലെ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സീബിലെ മബേല ഭാഗത്തുനിന്ന് പൊലീസ് ചമഞ്ഞ് കവര്‍ച്ചനടത്തിയ രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. താമസകേന്ദ്രത്തില്‍ കടന്നുകയറി പണവും മറ്റുസാധനങ്ങളും കവരുകയാണ് ഇവര്‍ ചെയ്തത്.
ബോഷറില്‍ സ്കൂളുകളില്‍ കവര്‍ച്ചനടത്തിയ രണ്ടംഗസംഘവും പിടിയിലായതായി പൊലീസ് അറിയിച്ചു. വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കവര്ച്ചെക്കാപ്പം ഇവര്‍ സ്കൂളില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
മോഷ്ടിച്ച പണവും കവര്‍ച്ചക്ക് ഉപയോഗിച്ച സാധനങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കവര്‍ച്ചക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങളിലും മറ്റും സി.സി ടി.വി അടക്കം സുരക്ഷസംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസുകള്‍ നേരത്തേയും നിരവധിതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശികളാണ് ഇത്തരം കേസുകളില്‍ കവര്‍ച്ചക്ക് ഇരയാകാറുള്ളത്. കവര്‍ച്ച ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
